കൊച്ചി: ജൂണ്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകളുടെ സുരക്ഷാ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിന് നല്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
സ്കൂള്‍ കെട്ടിടങ്ങളുടെയും പരിസരത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശ പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍മാരാണ് ഇനി മുതല്‍ സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.
ഫിറ്റ്നസ് പരിശോധനയ്ക്കായി 17 പോയിന്റുകള്‍ ഉള്ള വിശദമായ ഒരു ചെക്ക്ലിസ്റ്റും വിദ്യാഭ്യാസ വകുപ്പ് തയാറാക്കി. സ്കൂള്‍ കെട്ടിടത്തിന്റെ ബലം, ചുറ്റുമതിലിന്റെ സുരക്ഷ, അപകടകരമായ കുഴികളോ ചെരിവുകളോ ഇല്ലാത്ത അവസ്ഥ, മരങ്ങളുടെയും ശിഖരങ്ങളുടെയും സുരക്ഷ എന്നിവ അസിസ്റ്റന്റ് എന്‍ജിനിയര്‍ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം.
ആസ്ബസ്റ്റോസ്, ടിന്, അലുമിനിയം ഷീറ്റുകള്‍ പാകിയ മേല്‍ക്കൂരകള്‍ മാറ്റിയിട്ടുണ്ടെന്നും കിണറുകള്‍ക്കും മറ്റും സുരക്ഷിതമായ സംരക്ഷണ ഭിത്തികള്‍ ഉണ്ടെന്നും ഉറപ്പാക്കണം.
വൈദ്യുത സുരക്ഷയ്ക്കും ശുചിത്വത്തിനും പ്രത്യേക പ്രാധാന്യമാണു പുതിയ നിര്‍ദേശങ്ങളില്‍ നല്‍കിയിരിക്കുന്നത്. സ്കൂളുകളിലെ ഇലക്ട്രിക്കല്‍ വയറിംഗ് സുരക്ഷിതമാണെന്നും ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് ചുറ്റും വേലി കെട്ടിയിട്ടുണ്ടെന്നും അധികൃതര്‍ ഉറപ്പുവരുത്തണം.
മതിയായ വെന്റിലേഷനുള്ള വൃത്തിയുള്ള ശൗചാലയങ്ങള്‍, കുടിവെള്ള ലഭ്യത, സ്കൂള്‍ പരിസരത്തെ മാലിന്യ നിര്‍മാര്‍ജനം, എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം.
സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് പ്രത്യേകം കൈപ്പറ്റേണ്ടതുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്കൂളുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.